05:36pm 14 August 2026
NEWS
മട്ടൻ ഒഴിവാക്കും; ജയിൽ ഭക്ഷണത്തിൽ മാറ്റം വരുത്താൻ നീക്കം
14/08/2026  03:06 PM IST
nila
മട്ടൻ ഒഴിവാക്കും; ജയിൽ ഭക്ഷണത്തിൽ മാറ്റം വരുത്താൻ നീക്കം

തിരുവനന്തപുരം: തടവുകാർക്ക് നൽകുന്ന ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പ് ആലോചിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങൾക്കും അധിക സാമ്പത്തിക ചെലവിനും കാരണമാകുന്ന മട്ടൻ ഉൾപ്പെടെയുള്ള റെഡ് മീറ്റ് ഒഴിവാക്കുന്നതാണ് പരിഗണനയിൽ. ഭക്ഷണക്രമം ശാസ്ത്രീയമായി പുനഃക്രമീകരിച്ച് പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് അറിയിച്ചു.

നിലവിൽ ഒരാൾക്ക് പ്രതിദിനം 100 ഗ്രാം മട്ടനാണ് നൽകുന്നത്. എന്നാൽ ശാരീരികക്ഷമത കുറഞ്ഞവർക്ക് ഇത് കാര്യമായ ഗുണം നൽകുന്നില്ലെന്നും നിലവിലെ ഭക്ഷണക്രമം ജീവിതശൈലീരോഗങ്ങൾക്ക് കാരണമാകുന്ന സാഹചര്യമുണ്ടെന്നും ജയിൽ വകുപ്പ് വിലയിരുത്തുന്നു. മട്ടന് ചെലവ് കൂടുതലാണെന്നതും ഭക്ഷണക്രമം മാറ്റുന്നതിനുള്ള മറ്റൊരു കാരണമാണ്.

നിലവിൽ തടവുകാർക്ക് ചിക്കനും മുട്ടയും നൽകുന്നില്ല. ആവശ്യമായ പ്രോട്ടീൻ ഉറപ്പാക്കുന്നതിനായി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ട്. സർക്കാർ അംഗീകാരം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും.

ജയിലുകളുടെ പേര് മാറ്റാനും ആലോചന

ജയിലുകളുടെ പേരുകൾ മാറ്റുന്നത് സംബന്ധിച്ച റിപ്പോർട്ടും സർക്കാരിന് സമർപ്പിക്കുമെന്ന് ജയിൽ ഡിജിപി വ്യക്തമാക്കി. തടവുകാരെ തിരുത്തി സമൂഹത്തിലേക്ക് തിരിച്ചെത്തിക്കുക എന്നതാണ് ജയിലുകളുടെ പ്രധാന ലക്ഷ്യമെന്നും അതിനനുസരിച്ചുള്ള മാറ്റങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളിൽ ‘ജയിൽ’ എന്നതിനു പകരം ‘കറക്‌ഷൻ ഹോം’ പോലുള്ള പദങ്ങൾ ഉപയോഗിക്കുന്ന സാഹചര്യവും കേരളത്തിൽ പരിഗണിക്കുന്നുണ്ട്. സുരക്ഷാ നിയന്ത്രണങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ജയിലുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് ലക്ഷ്യം.

ജയിലിൽ എഐ നിരീക്ഷണ സംവിധാനം

ജയിലുകളിലെ സുരക്ഷ ശക്തമാക്കുന്നതിനായി എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനത്തിനും തുടക്കമാകുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ പൈലറ്റ് പദ്ധതിയായാണ് സംവിധാനം നടപ്പാക്കുന്നത്. കെൽട്രോണിന്റെ സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

20 പേരിൽ കൂടുതൽ ആളുകൾ ഒരിടത്ത് കൂട്ടം കൂടുന്നത് ഉൾപ്പെടെയുള്ള അസാധാരണ സാഹചര്യങ്ങൾ എഐ സംവിധാനം തിരിച്ചറിയും. ജയിലിന്റെ മതിലുകൾ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കുകയും മതിലിന് പുറത്തുനിന്ന് ആരെങ്കിലും വസ്തുക്കൾ അകത്തേക്ക് എറിയാൻ ശ്രമിച്ചാൽ ഉടൻ മുന്നറിയിപ്പ് നൽകുകയും ചെയ്യും.

സുരക്ഷാഭീഷണി കണ്ടെത്തിയാൽ ജയിൽ സൂപ്രണ്ടിനും ബന്ധപ്പെട്ട ബ്ലോക്കിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും അലർട്ട് ലഭിക്കും. നിലവിൽ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിക്കേണ്ട സാഹചര്യമാണ്. 25 മോണിറ്ററുകളിലെ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ മൂന്ന് ഉദ്യോഗസ്ഥർ ആവശ്യമായി വരുന്നതും ജോലി ഭാരമുണ്ടാക്കുന്നുണ്ട്.

എഐ സംവിധാനം നിലവിൽ വരുന്നതോടെ സുരക്ഷാ നിരീക്ഷണത്തിലെ ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കാനും കൂടുതൽ ജീവനക്കാരെ തടവുകാരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കറക്‌ഷണൽ സേവനങ്ങൾക്കായി വിനിയോഗിക്കാനും കഴിയുമെന്നാണ് ജയിൽ വകുപ്പിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img